ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി; എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തികാട്ടി ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രം​ഗത്തെത്തി.

രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ​ഗാന്ധിയും, പ്രിയങ്ക ​ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനിടെ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കര്‍ പദവി തങ്ങൾക്ക് വേണമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതായി രാഹുൽ ​ഗാന്ധി പറഞ്ഞു. സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് സിങ് മല്ലികാര്‍ജുൻ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിലപാടിൽ ഖാർ​ഗെ ഉറച്ചുനിന്നു. ഇതോടെ തിരികെ വിളിക്കാമെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് ഇതുവരെ ഖാർ​ഗയുമായി ബന്ധപ്പെട്ടിട്ടില്ല. വിഷയത്തിൽ പ്രതിപക്ഷത്തോട് ക്രിയാത്മക സഹകരണം സ്വീകരിക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഖാർ​ഗെയെ അപമാനിക്കുകയാണ്. ഇവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും ക്രിയാത്മകമായ ഒരു സഹകരണവും മോദി ആ​ഗ്രഹിക്കുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.