ന്യൂഡൽഹി: പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. തൃശൂലം ഹിംസയുടെ ചിഹ്നമല്ല. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്സഭയിൽ പ്രദർശിപ്പിച്ചു. അതേസമയം, പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു.

ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ലോക്സഭയിൽ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ പറഞ്ഞു.


ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുൽ, ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോയെന്നും രാഹുൽ ചോദിച്ചു. ‘‘ബിജെപി അംഗങ്ങൾ ഭരണഘടനയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തത് ഞാൻ ആസ്വദിച്ചു’’– രാഹുൽ പറഞ്ഞു. ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുലിന്റെ പരാമർശത്തിൽ ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചു. ഹിന്ദുക്കളെ അക്രമികളെന്ന് രാഹുൽ വിളിച്ചെന്നും അത് ഗൗരവതരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുൽ മാപ്പ് പറയണമെന്നും അഭയമുദ്രയെപ്പറ്റി പറയാൻ രാഹുലിന് അവകാശമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അയോധ്യയെന്ന് പറഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്തെന്നും മൈക്കിന്റെ നിയന്ത്രണം ആരുടെ കയ്യിലാണെന്നും സ്പീക്കറിനോട് രാഹുൽ ചോദിച്ചു. എന്നാൽ മൈക്ക് ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ‘‘അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല’’– രാഹുൽ പറഞ്ഞു.
സംസാരിക്കുമ്പോൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങൾക്ക് എതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. അഗ്നിവീർ വിഷയവും രാഹുൽ സഭയിൽ ഉയർത്തി. അഗ്നിവീറുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നു രാഹുൽ പറഞ്ഞു. അഗ്നിവീർ എന്നാൽ സർക്കാരിനായി ഉപയോഗിക്കുക, വലിച്ചറിയുക എന്നാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയപ്പോൾ, സത്യം അഗ്നിവീറുകൾക്ക് അറിയാമെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മറുപടി. മണിപ്പുരിൽ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല, മണിപ്പുർ ഇന്ത്യയിലല്ലേയെന്നും രാഹുൽ ചോദിച്ചു.























