മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി, ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇതിൽ 4 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടും. 4 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം.
























