തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉയര്‍ന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഗൗരവമുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴായിരുന്നു കമ്മിറ്റിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ ചൂഷണങ്ങളില്‍ ഇരയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയും വേട്ടക്കാരോട് സന്ധിയില്ലാത്ത പോരാട്ടവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഐസിസി രൂപീകരിക്കുക എന്നത് അടിയന്തര സ്വഭാവത്തിൽ നടപ്പിലാക്കുന്നു എന്നു ഉറപ്പാക്കി, ക്രിയാത്മക ഇടപെടൽ സർക്കാർ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സിനിമകൾക്ക് പ്രോത്സാഹനം നൽകി. വനിതകൾക്ക് സാമ്പത്തിക സഹായം നൽകി സിനിമ സംവിധാനം ചെയ്യിപ്പിച്ചത് എടുത്തു പറയേണ്ട നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകളിലൊന്നു ട്രിബ്യൂണൽ രൂപീകരിക്കണം എന്നായിരുന്നു. ഇത് സർക്കാർ പരിശോധിച്ചു. എന്നാൽ ഇത് വലിയ ചിലവുണ്ടാക്കുന്ന കാര്യമാണ്. ട്രിബ്യുണൽ ഉണ്ടാക്കുന്നത് സംബന്ധിച്ച് ഗൗർവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമനിർമ്മാണം നടത്തണമെന്നുള്ളതും ഗൗർവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു.
സിനിമാ വ്യവസായത്തിൽ വില്ലന്മാരുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല. സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥകൾ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ ചൂഷകർക്കൊപ്പമല്ല സർക്കാർ ചൂഷണം ചെയ്യപ്പെടുന്നവർക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യത ബാധിക്കുന്ന കാര്യങ്ങളുണ്ടിട്ടായിട്ടുണ്ടെന്നും പുറത്തു വിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്ത് നൽകിയെന്നും മുഖ്യമന്ത്രി വിശദമാക്കി. രഹസ്യമാത്മകമായ വെളിപ്പെടുത്തലാണെന്നും റിപ്പോർട്ട് പുറത്തു വിടരുതെന്നും ജസ്റ്റിസ് ഹേമ ആവർത്തിച്ചു ആവശ്യപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്തു വരുന്നത് സർക്കാരിന് എതിർപ്പുള്ള കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞ കാര്യങ്ങൾ ചോർന്നു വിവാദം ആകുന്ന സാഹചര്യം ഒഴിവാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ തന്നെ പറയുന്നു.
കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ പരാതി ലഭിച്ച എല്ലാ കേസുകളിലും മുഖം നോക്കാതെ നടപടി എടുത്തിട്ടുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയ വനിത പരാതി നൽകാൻ തയ്യാറായാൽ നടപടി സ്വീകരിക്കും. എത്ര ഉന്നതനായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.























