ലൈംഗികാതിക്രമ പരാതി: നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ നടിയുമായി എത്തി പോലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.

ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അം​ഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.

അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടിക്കെതിരേ അപ്പീൽ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.