‘രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു’ : വിമര്‍ശനം, പോസ്റ്റ് പിൻവലിച്ച് തമന്ന

മുംബൈ: പ്രേഷകരുടെ പ്രിയപ്പെട്ട നടി തമന്ന ഭാട്ടിയ ഡിസൈനർ കരൺ ടൊറാണിയുടെ ഡിസൈനില്‍ പുരാണ കഥാപാത്രമായ രാധയുടെ കണ്‍സെപ്റ്റില്‍ നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തില്‍. സൈബര്‍ വിമര്‍ശനം ശക്തമായതോടെ തമന്നയും ടൊറാണിയും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ നിന്ന് ഫോട്ടോഷൂട്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ടൊറാണിയുടെ ഡിജിറ്റൽ കാമ്പെയ്‌നായ ലീല: ദ ഇല്യൂഷൻ ഓഫ് ലൗവിന് വേണ്ടിയാണ് തമന്ന രാധയായി പോസ് ചെയ്തത്. ഓൺലൈനിൽ പങ്കിട്ട ഫോട്ടോകളിൽ ഓറഞ്ച് സാരിയിൽ നടി മിന്നിത്തിളങ്ങി. കൃഷ്ണന്‍റെ രൂപവും മുഖം കാണിക്കാതെ ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു.

കൃഷ്ണന്‍ രാധ ബന്ധത്തെ ലൈംഗികമായ കണ്ണിലൂടെ കണ്ടു എന്ന ആരോപണമാണ് ഈ ഫോട്ടോഷൂട്ടിനെതിരെ പ്രധാനമായും ഉയര്‍ന്നത്. തമന്ന ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്ന് ഏറെ കമന്‍റുകള്‍ വന്നു. ‘നിങ്ങളുടെ വിൽപ്പനയ്‌ക്കായി ഞങ്ങളുടെ പ്രിയപ്പെട്ട രാധാ റാണിയുടെയും ശ്രീകൃഷ്ണൻ്റെയും ഏറ്റവും ശുദ്ധമായ ബന്ധം ലൈംഗികവൽക്കരിക്കുന്നത് നിർത്തുക’ എന്നാണ് അതില്‍ വന്ന ഒരു കമന്‍റ്. ഇത്തരത്തില്‍ നിരവധി കമന്‍റുകള്‍ നിറഞ്ഞതോടെയാണ് ഈ പോസ്റ്റ് തമന്നയും ഡിസൈനറും പിന്‍വലിച്ചത്.