കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി പൾസർ സുനിയുടെ ജയിൽ മോചനം നീണ്ടേക്കും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കാനുള്ളതിനാലാണ് ജയിൽമോചനം നീളുന്നത്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽനിന്ന് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ചത്.

കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടി നേരിടാനുള്ളത്. പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.


അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.























