കൊച്ചി: പട്ടാപ്പകൽ പണം നൽകാതെ ബെവ്‌കോ വിൽപ്പനശാലയിൽ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരൻ പിടിയിൽ. കളമശേരി എആർ ക്യാമ്പിലെ ഡ്രൈവർ കെകെ ഗോപിയാണ് പൊലീസിൻറെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം.

ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നൽകണമെന്ന് അവർ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാൾ ഓടുകയായിരുന്നു. വാതിൽക്കൽ തടയാൻ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്‌കോയിലെ ഡോർ തകർന്നുവീഴുന്നതും വീഡിയോയിൽ കാണാം. പിന്നീട് ജീവനക്കാർ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയിൽ, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്‌കോയിലെത്തിയ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും ജീവനക്കാർ പറയുന്നു. സ്ത്രീയെ അതിക്രമിച്ചതുൾപ്പെടയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.

























