നിന്നോട് തർക്കിക്കാനില്ല, ഇനി മുതല്‍ നിനക്ക് അപ്പയില്ല ; മകളോട് നടൻ ബാല

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാലയും രംഗത്ത്. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറയുന്നു.

‘‘പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്.