തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സിനിമ നടൻ ബൈജു. സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു ക്ഷമ ചോദിച്ചത്. കയർ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്.

ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ച് ബൈജുവിൻറെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിൻറെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് ബൈജുവിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

























