കൊച്ചി: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും. കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഇക്കാര്യം സഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയതാണ്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം.

കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രൻറെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിൻറെയും പ്രൊസിക്യൂഷൻറെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകർപ്പിൽ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.


തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് സിആർപിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാർച്ച് 21 ന് നടന്ന സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2023 ഒക്ടോബർ ഒന്നിനായിരുന്നു. പരമാവധി ഒരു വർഷത്തെ തടവ് ശിക്ഷയുളള ഒരു കുറ്റത്തിൽ ഒരു വർഷത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രൊസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്റ്റർ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങൾക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനായി സുന്ദരയെ തട്ടിക്കൊണ്ട് പോയതിൻറെയും തടവിൽ പാർപ്പിച്ചതിൻറെയും വിവരങ്ങളും പണവും ഫോണുമടക്കമുളള പാരിതോഷികങ്ങൾ നൽകിയതിൻറെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ ഇതൊന്നും യഥാവിധം കോടതിയെ ബോധ്യപ്പെടുത്താനായില്ല. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി ബിജെപി നേതാക്കൾ തനിക്ക് രണ്ടര ലക്ഷം രൂപയും 8800 രൂപ വിലയുളള മൊബൈൽ ഫോണും കോഴ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.























