പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്ത എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യ പോയത് എന്തിന്?. എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ ജില്ലാ കലക്ടർക്കും നല്ലപങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കണം. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം പാർട്ടി നിൽക്കുമെന്നും കെ പി ഉദയഭാനു പറഞ്ഞു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. സ്വതന്ത്ര അന്വേഷണമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി വേണോയെന്ന് പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ. കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ ഉയർന്ന ആരോപണം സർക്കാർ പരിശോധിക്കും. നവീന്റെ കുടുംബവുമായി വീണ്ടും പാർട്ടി സംസാരിക്കും. അവർക്കൊപ്പം തന്നെ ജില്ലയിലെ പാർട്ടി നിലകൊള്ളും.

രാത്രി രണ്ടു മണി വരെ നവീൻ ബാബു വീട്ടുകാരുമായി സംസാരിച്ചുവെന്നാണ് പറഞ്ഞത്. കലക്ടർ ഇതിൽ സ്വീകരിച്ച സമീപനം നവീൻബാബു ഭാര്യയോട് പറഞ്ഞു. ആരാണോ ഇതിൽ പങ്കാളിയായത് അവർക്കെല്ലാം അർഹിക്കുന്ന ശിക്ഷ നൽകണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാ അർത്ഥത്തിലും പാർട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകുമെന്നും കെപി ഉദയഭാനു പറഞ്ഞു.

























