കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുൽ ​ഗാന്ധിക്കൊപ്പം ഇന്ന് വയനാട്ടിലെത്തും

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിലെ കന്നിയങ്ക പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിലെത്തും. കോൺ​ഗ്രസിന്റെ തട്ടകമായ വയനാട്ടിൽ രാഹുൽ ​ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ​ഗാന്ധിയെത്തുക. ഇന്ന് മൈസൂരിൽ നിന്ന് റോഡ് മാർ​ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11 ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും.

മണ്ഡലം രൂപീകൃതമായ ശേഷം കോൺ​ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.