മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയിൽ. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു

ജംഷഡ്പൂർ ലോക്കൽ പോലീസിന്റെ സഹായത്തോടെ അന്വേഷണം പൂർത്തിയാക്കി. സന്ദേശം അയച്ച വ്യക്തിയെ വ്യാഴാഴ്ച്ചയാണ് പിടികൂടിയത്. ഒക്ടോബർ 18നാണ് ഇയാൾ ഭീഷണി സന്ദേശം മുംബൈ ട്രാഫിക്ക് കൺട്രോൾ റൂമിലേക്ക് അയച്ചത്. ഇത് നിസ്സാരമായി കാണരുത്..സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ 5 കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാൾ മോശം അവസ്ഥയാകും സൽമാൻ ഖാന് നേരിടേണ്ടി വരിക- ഇതായിരുന്നു സന്ദേശം. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം


ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് പിന്നീട് ഒക്ടോബർ 21ന് ഇയാൾ വീണ്ടും സന്ദേശം അയച്ചു. താൻ അബദ്ധത്തിൽ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം.























