തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ തട്ടി; പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓൺലൈന് സംഘം തട്ടിയെടുത്തു. ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് തുക തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓൺലൈനിലൂടെ ഡോകടർ ഇടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം വാട്സ് ആപ്പിൽ ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി. ഇതിനായി സെറോദ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങൾ.

ആപ്പ് ഇൻസ്റ്റാള് ചെയത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നൽകുമന്നായിരുന്നു വാഗ്ദാനം. താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിൽ ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങൾ എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിൻവലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി.

ലാഭവിഹിതത്തിൽ നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.