സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ

കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റിൽ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങൾ. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.