ബർമുഡ ധരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി ; പരാതി കേൾക്കാതെ തിരിച്ചയച്ചെന്ന് യുവാവ്

കോഴിക്കോട്: ബർമുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം. ബർമുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം നടത്താൻ വടകര കൺട്രോൾ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറൽ എസ്പി നിർദേശിച്ചു.

ഒക്ടോബർ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാൽ ബർമുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാൻ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയിൽ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.