ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; കോട്ടയത്ത് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മുറ്റം നിരപ്പാക്കാൻ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥൻ അപകടത്തിൽ മരിച്ചു. കരൂർ കണ്ടത്തിൽ പോൾ ജോസഫ് (രാജു കണ്ടത്തിൽ- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റർ കാപ്പികുടിക്കാൻ പോയപ്പോൾ വെറുതെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബർ മരത്തിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.

വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റർ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയിൽ മറിഞ്ഞ് ഒരു റബർ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായിൽ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈൽ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതിൽ കെട്ടാനാണ് ജെസിബി വിളിച്ചത്.