സിനിമകൊണ്ട് ഒന്നും തികയില്ല ; തട്ടുകടയുമായി ‘പറവ’ താരം

‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേഷകർക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ്. സിനിയൽ എത്തിയെങ്കിലും ഇപ്പോഴും തട്ടുകടയിൽ മസാല ദോശയും നെയ്റോസ്റ്റും പൊടി റോസ്റ്റുമൊക്കെയുണ്ടാക്കി അമ്മയെ സഹായിക്കുന്ന തിരക്കിലാണ് താരം. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം ഇപ്പോൾ അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിൽ തന്നെയാണ് ഗോവിന്ദ്. വൈകുന്നേരം ഏഴുമണിക്ക് തുറക്കുന്ന തട്ടുകട രാത്രി 12 മണിവരെയുണ്ടാകും. കടയടയ്ക്കും വരെ നല്ല തിരക്കാണ്.

ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഇവരുടെ ചായക്കട. വലിയ കടയൊന്നുമല്ല, മുകളിൽ ഷീറ്റിട്ട് അരികു മറച്ചു ചെറിയൊരു കട. 16 വർഷം മുൻപു അച്ഛൻ വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്കും മറ്റും പോയാണു അമ്മ ചിത്ര കുടുംബം നോക്കിയത്. പിന്നീടാണ് ചായക്കച്ചവടം തുടങ്ങിയത്. മൂന്നു മക്കളിൽ ഇളയ ആളാണു ഗോവിന്ദ്. സഹോദരൻ നരേന്ദ്ര വി. പൈയും പ്ലസ് ടു പഠനം കഴിഞ്ഞ് അമ്മയ്ക്കൊപ്പം കടയിൽ സഹായത്തിനായി നിന്നു തുടങ്ങിയതാണ്. ഏക സഹോദരി നീതുവിന്റെ വിവാഹം കഴിഞ്ഞു.

പഠനം നിർത്തിയത് എന്തിനാണെന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു ഗോവിന്ദിന്റെ മറുപടി, ‘‘പ്ലസ്ടു വരെ പഠിച്ചു. പഠിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് മനസിലായി. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നതെന്നും ​ഗോവിന്ദ് പറയുന്നു.