അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറൽ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറൽ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ജെഡി വാൻസ് വൈസ് പ്രസിഡന്റാകും.

അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവർ ക്ലീവ്‌ലാന്റാണ് ഇതിനു മുൻപ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്‌ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപ് ഉടൻ പ്രവർത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.