‘പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.

അതിനിടെ തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നൽകി. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല. കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നൽകണമെന്നും മഞ്ജു ആവശ്യപ്പെട്ടു. കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നൽകിയത്.