വയനാട്: മേപ്പാടിയിൽ പുഴുവരിച്ച കിറ്റുകൾ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി വിവരം. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചവർക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. വയറുവേദനയും ഛർദ്ദിയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരിൽ ഒരാളുടെ അമ്മയായ നൂർജഹാൻ റിപ്പോർട്ടറിനോട് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കിറ്റിൽ നിന്നും ലഭിച്ച സോയാബീൻ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇൌ സംഭവം. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു.


പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.























