തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി; അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എൽഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുന്നപ്പുഴയിൽ മന്ത്രി കേളു ചങ്ങാടത്തിൽ കുടുങ്ങിയത്. ചങ്ങാടം കുറച്ചു ദൂരം മുന്നോട്ടുപോയതിന് പിന്നാലെ കല്ലിൽ കുടുങ്ങുകയായിരുന്നു. പിന്നീട് തണ്ടർ ബോൾട്ടും, പൊലീസും നാട്ടുകാരും ചേർന്നാണ് മന്ത്രിയെയും എൽഡിഎഫ് നേതാക്കളെയും കരയിലേക്ക് തിരിച്ചെത്തിച്ചത്.

2018 വരെ ആദിവാസി കോളനിയിലേക്ക് പോകാൻ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. 2018 ലെ പ്രളയത്തിൽ ആ പാലം തകർന്നു. അതിനുശേഷം പാലം നിർമ്മിക്കണമെന്ന് ആദിവാസികൾ അടക്കം നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. മുള കെട്ടിക്കൊണ്ടുള്ള ചങ്ങാടത്തിലാണ് ആദിവാസികൾ അടക്കമുള്ളവർ ആശുപത്രികളിലേക്കും മറ്റും പോകാൻ മറുകരയിലെത്തുന്നത്.