സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 1080 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.