ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും വിവാഹിതരായി. വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് ആര്യ തന്നെയാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ആര്യയുടെ മകൾ ഖുഷിയും വിവാഹ വേദിയിലെത്തിയിരുന്നു. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുഷിയാണ്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാം.

ആര്യയുടെയും സിബിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മേയ് മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസ്സുകാരിയായ ഖുഷി. ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. സിബിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്. ഡി.ജെ, അവതാരകൻ, കൊറിയോഗ്രഫർ എന്നീ നിലകളിൽ പ്രശസ്തനാണ് സിബിൻ.