തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബേസിൽ.
‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ ‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്.


ഇന്ന് അതേ നിയമസഭയിൽ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാൻ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു–’ ബേസിൽ ജോസഫ് പറഞ്ഞു നിർത്തുമ്പോൾ സദസ്സിൽ കയ്യടി ശബ്ദം നിറഞ്ഞു.


‘‘ആദ്യമായിട്ടാണ് പൊതുപരിപാടിക്ക് മുണ്ടുടുത്തു വരുന്നത് അതിന്റെ ഒരു ടെൻഷൻ ഉണ്ട്. അരമണിക്കൂർ എടുത്തു ഇതൊന്ന് ഉടുക്കാൻ. ഉടുക്കുമ്പോൾ ഒരു കര അങ്ങോട്ട് പോകും കസവ് ഇങ്ങോട്ട് മാറും. കുറച്ചു സമയം എടുത്തു. അങ്ങനെയാണ് മനസ്സിലാക്കിയത് ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്ന് പറയുന്നത് ഈ മുണ്ട് മുറുക്കി കെട്ടാനുള്ള വെൽക്രോ ബെൽറ്റ് ആണ്. അതിന്റെ ഒരു ബലത്തിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്’’– ബേസിൽ പറഞ്ഞു. ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ.അനിൽ, നടൻ രവി മോഹൻ (ജയംരവി), നടനും സംവിധായകനുമായ ബേസിൽ ജോസഫ്, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.























