പ്രശ്നങ്ങൾ പരിഹരിച്ചു, ‘കാന്താര-2’ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഫിയോക്ക്

കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അ​ഭിനയിക്കുന്ന കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിനുള്ള തടസങ്ങൾ നീങ്ങി. കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്) അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാൻ തീരുമാനമായി.

കാന്താര-2ന്റെ കേരളത്തിലെ റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഫിയോക്ക് എക്സിക്യൂട്ടീവ് അം​ഗം ബോബി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ബിസിനസിൽ ചില ഒത്തുതീർപ്പുകൾ നടത്തിക്കൊണ്ടാണ് വിതരണക്കാരായ മാജിക് ഫ്രെയിംസുമായുള്ള തർക്കങ്ങൾ ഫിയോക്ക് ചർച്ചയിലൂടെ പരിഹരിച്ചത്. കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ തടഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോബി നിഷേധിച്ചു.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നൽകിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.