തൃശ്ശൂർ: ഭവനനിർമാണത്തിന് സഹായം തേടിയെത്തിയ കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുയർത്തിക്കാട്ടി ചെറുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

പതിന്നാല് ജില്ലകളിലും ഞാൻ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ചെയ്തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കിൽ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിയ്ക്കുമുണ്ട്. ജനങ്ങൾ കയ്യടിച്ച് അന്ന് നൂറ് ദിവസം ആ പടം ഓടിയിട്ടുണ്ടെങ്കിൽ ജനങ്ങൾക്കാവശ്യം അതാണ്. സിനിമയിൽനിന്ന് ഇറങ്ങാൻ സൗകര്യമില്ല.


രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവർക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവർ ചെയ്തോട്ടെ, നല്ലതാണ്. വേലായുധൻ ചേട്ടന് ഒരു വീട് കിട്ടിയതിൽ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ടയയ്ക്കും. പാർട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാൻ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആർജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം.
കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാൻ സുരേഷ് ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. തന്റെ അധികാരപരിധിയിൽ പെടുന്ന വിഷയമല്ലെന്ന് മന്ത്രി പിന്നീട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.























