തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടകളുടെ ആക്രമണം. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകൾ വഴിയിൽകണ്ട വാഹനങ്ങളെല്ലാം അടിച്ചുതകർത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുംചെയ്തു. നിരവധി കേസുകളിൽ പ്രതിയും നേരത്തേ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച അർധരാത്രി 12:30 ഓടെയായിരുന്നു സംഭവം.

നിരവധി കേസുകളിൽ പ്രതിയും നേരത്തേ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച അർധരാത്രി 12:30 ഓടെയായിരുന്നു സംഭവം. ബൈക്കിൽ പതിയെ പോകാൻ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കിൽ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാൻ ആവശ്യപ്പെട്ടത്.


ഇതേത്തുടർന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകർത്തു. ഇതേ ഗുണ്ടാസംഘമാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും നാട്ടുകാർ പറഞ്ഞു. കടയിൽ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇതിനുശേഷമാണ് രാജേഷിന്റെ വീടിന് നേരേയും വാഹനങ്ങൾക്ക് നേരേയും ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോൾ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പരിക്കേറ്റ കടയുടമ പൊന്നയ്യൻ പറഞ്ഞു.























