ചരിത്രത്തിൽ ആദ്യം; കഥകളിയിൽ മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടി അരങ്ങേറ്റം കുറിക്കുന്നു

തൃശൂർ: കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി കഥകളിയിൽ മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടി അരങ്ങേറ്റം കുറിക്കുന്നു. രണ്ടര വർഷ പഠനത്തിനു ശേഷമാണ് കൊല്ലം ജില്ലയിലെ അഞ്ചിൽ പനച്ചവിള തേജസിൽ വീട്ടിൽ നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകൾ സാബ്രി അരങ്ങേറുന്നത്. തെക്കൻ ശൈലിയിലായിരുന്നു പരിശീലനം.

അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്‌കൂളിൽ നിന്ന് ഏഴാം തരം കഴിഞ്ഞാണ് സാബ്രി കലാമണ്ഡലത്തിൽ എത്തുന്നത്. ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം കൂടിയ സാബ്രിയുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങൾ പകർത്താൻ കാമറയുമായി കഥകളി നടക്കുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ, പിതാവിനോടൊപ്പം പാതിരാവോളം കൂടെയുണ്ടായിരുന്ന മകളുടെ ആഗ്രഹം മനസ്സിലാക്കി കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമൽ സാബ്രിയെ പരിശീലനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. രണ്ടുവർഷം പരിശീലനം നടത്തിയതിനുശേഷം ആണ് കലാമണ്ഡലത്തിൽ എത്തിയത്.

കലാമണ്ഡലത്തിൽ എട്ടാം ക്ലാസിൽ ആദ്യമായി കയറുമ്പോൾ കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപി ആശാനാണ് ആദ്യപാഠം ചൊല്ലിക്കൊടുത്തത്. രണ്ടര വർഷങ്ങൾക്കു മുമ്പ് ആചാര്യ സന്നിധി എന്ന പേരിൽ ആശാൻ ആദ്യമുദ്രകൾ പകർന്നു നൽകിയതിനുശേഷം ആണ് പിന്നീടുള്ള ഓരോ മുദ്രകൾ അധ്യാപകർ പഠിപ്പിച്ചു നൽകിയത്. അരങ്ങേറ്റം കുറിക്കാൻ സഹപാഠികളായ മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉണ്ട്. പുറപ്പാട് ആണ് അവതരിപ്പിക്കുക.