പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അതിൽ സംശയമൊന്നുമില്ല. സ്വർണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ പാടില്ലായിരുന്നു. അങ്ങനെ കൊടുത്തുവിട്ടതിൽ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്.

1999 മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് എല്ലാക്കാര്യങ്ങളും പുറത്തു വരട്ടെയെന്നും പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് കൃത്യമായ ധാരണയില്ല. അദ്ദേഹം തന്നെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതിൽ സന്തോഷമുണ്ട്. ദേവസ്വം ബോർഡിനെ പ്രതികൂട്ടിലാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചു. എന്നാൽ, ആ കുഴിയിൽ അദ്ദേഹം തന്നെ വീണു. എല്ലാക്കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്താൻ കോടതിയോട് ആവശ്യപ്പെടണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.


ശബരിമലയെന്ന പവിത്രമായ ആരാധനാലയത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി മുന്നോട്ടു പോകാനാവില്ല. 1994 ലാണ് വിജയ് മല്യ സ്വർണം പൂശൽ നടത്തിയത്. അതു മുതൽ 2025 വരെയുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്. അക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, അതിന്റെ നിറമാകട്ടെ, തൂക്കമാകട്ടെ, അളവാകട്ടെ, ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ള അവതാരങ്ങളാകട്ടെ ഇതിനെയെല്ലാം കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉണ്ണികൃഷ്ണൻ പോറ്റിയെന്നല്ല, ശബരിമലയുമായി ബന്ധപ്പെട്ട ഏതു കാര്യവും അന്വേഷണ വിധേയമാക്കണം. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് വ്യക്തമാക്കി.























