കൈക്കൂലി; കെഎൻ കുട്ടമണിയെ കളിമൺപാത്ര നിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി

തൃശൂർ: ചെടിച്ചട്ടി ഓർഡർ നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്നും കെഎൻ കുട്ടമണിയെ നീക്കി. ചിറ്റിശ്ശേരിയിലെ പാത്രം നിർമ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ചെടിച്ചട്ടി ടെൻഡറിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. ചെടിച്ചട്ടി ഓർഡർ നൽകാൻ പതിനായിരം കൈക്കൂലി വാങ്ങിയ സംഭവത്തിലായിരുന്നു കുട്ടമണി തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിലാണ് ചെയർമാൻ കുടുങ്ങിയത്.

ചട്ടിയൊന്നിന് 3 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. സ്വകാര്യ കളിമൺ പാത്ര നിർമാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ്. ഇതിന് മുന്നോടിയായി കോർപ്പറേഷന്റെ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു.

കമ്മീഷന്റെ ആദ്യ ഗഡു പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ വിജിലൻസ് പിടിയിലാകുന്നത്. സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി. സംസ്ഥാന കളിമൺപാത്ര നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറിയായിരുന്നു കുട്ടമണി.