ആർഎസ്എസിനെതിരെ കുറിപ്പെഴുതി വച്ച് മരണം; ‘എൻഎം’ ആര്?, പൊലീസ് കണ്ടെത്തിയതായി സൂചന

തിരുവനന്തപുരം : ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടു എന്നാരോപിച്ച് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ (24) മരണത്തിൽ അന്വേഷണം ഊർജ്ജിതം. അനന്തു ആത്മഹത്യക്കുറിപ്പിൽ ആരോപണം ഉന്നയിച്ച എൻഎം ആരെന്ന് പൊലീസ് കണ്ടെത്തിയതായി സൂചന. അനന്തുവിന്റെ അടുത്ത രണ്ടു ബന്ധുക്കളും സുഹൃത്തുക്കളും ഇതു സംബന്ധിച്ചു പൊലീസിന് വിശദമായ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.

തെളിവുകളും കൂടുതൽ പേരുടെ മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനു മുൻപ് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷമായിരുന്നു ആത്മഹത്യ.