തിരുവനന്തപുരം: സിപിഐ കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും പാർട്ടി നേതൃത്വത്തിന് വൻ ആഘാതം. മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നിന്ന് നൂറോളം പേർ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കൽ ബ്രാഞ്ചുകളിൽ നിന്നാണ് രാജി. പാർട്ടിയുടെ മുൻ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറിനെതിരെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് പാർട്ടി നടപടിയെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം നാൽപതോളം അംഗങ്ങൾ രാജിവച്ചത്.

മീനാങ്കൽ എ ബ്രാഞ്ച്, ബി ബ്രാഞ്ച് എന്നിവയിൽ അംഗങ്ങളായ 40 പേരാണ് രാജി നൽകിയത്. ഇതുകൂടാതെ പ്രദേശത്തെ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയനിൽപ്പെട്ട 30 പേരോളം രാജി നൽകി. ഇതോടൊപ്പം എഐഎസ്എഫ്, എഐവൈഎഫ്, മഹിളാ ഫെഡറേഷൻ തുടങ്ങിയ സംഘടനകളിൽ നിന്നും രാജികൾ വന്നുകൊണ്ടിരിക്കുകയാണ്. കൊല്ലത്ത് 700ലേറെ പേർ പാർട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് കടുത്ത സമ്മർദമാണ് ഏൽപ്പിക്കുന്നത്. അതേസമയം കൊല്ലത്തെ കൂട്ടരാജിയിൽ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇന്ന് സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേരും.

























