ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വർണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വർണപ്പാളികൾ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്. ഹൈദരാബാദിൽ വെച്ച് ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറുകയായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് ബംഗലൂരുവിൽ സൂക്ഷിച്ച സ്വർണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടർന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയിൽ നിന്നും എടുത്ത സ്വർണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിക്കുന്നത്. അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലൂരുവിൽ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിൽ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.