മദ്യം എന്നുകരുതി കുടിച്ചത് കളനാശിനി; 50കാരൻ ഐസിയുവിൽ

തൃശൂർ: മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ തീവ്രപരിചരണ വിഭാ​ഗത്തിൽ. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയിൽ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്.

മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ അവിടേക്ക് ചെന്നത്. ഈ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. വീടിനു സമീപം നോക്കിയപ്പോൾ അവിടെയൊരു കുപ്പിയുണ്ടായിരുന്നു. രാത്രിയായതിനാൽ മദ്യമാണോയെന്നു ഉറപ്പിക്കാനുമായില്ല. കുടിച്ചു കഴിഞ്ഞപ്പോഴാണ് അബ​ദ്ധം മനസിലായത്. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ചികിത്സ ഫലിക്കാതെ വന്നതോടെ ഏറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.