കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; നവദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്.

കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദ്ദേഹങ്ങള്‍ പുത്തനത്താണി ആശുപത്രിയില്‍. നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.