കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര മുഹൂർത്തമായതിനാലാണ് ഇത് സഭയിൽ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയിൽ നാഴികക്കല്ലാകുകയാണ്. 2021ൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിർമാർജനം. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളേയും ജനപ്രതിനിധികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഗ്രാമസഭകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് സംസ്ഥാനത്തെ അതിദരിദ്രരെ സംബന്ധിച്ച വിവരശേഖരണം നടത്തിയത്. മൊബൈൽ ആപ്പ് വഴിയും വിവരങ്ങൾ തേടി. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ കരട് പട്ടിക ഗ്രാമസഭകളിലും അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 1032 തദ്ദേശ സ്ഥാപനങ്ങളിലായി 64006 കുടുംബങ്ങളിലെ 103099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തുകയായിരുന്നു. ഇവരെ അതിദരിദ്ര്യരുടെ പട്ടികയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാനായി പങ്കാളിത്താധിഷ്ഠിത പ്രക്രിയയിലൂടെ മൈക്രോ പ്ലാനുകൾ തയ്യാറാക്കി. 2023-24 , 2024-25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025-26 സാമ്പത്തിക വർഷത്തിൽ 60 കോടി രൂപയും ഈ പദ്ധതിക്കായി മാറ്റിവച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്ത പ്രതിപക്ഷത്തിന് നേരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.