സൂപ്പർതാരങ്ങളായ കമൽഹാസനേയും രജനികാന്തിനേയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്. കമലും രജനിയും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ ചിത്രം സുന്ദർ.സിയാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർതാരങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന ചിത്രത്തിൽനിന്ന് ഒഴിവാക്കിയതാണ് ലോകേഷിന്റെ ‘അൺഫോളോ’ നടപടിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നിവയുൾപ്പെടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമാ ലോകത്തെ സംസാരം. എന്നാൽ, ലോകേഷ് സംവിധാനംചെയ്ത ‘കൂലി’ എന്ന സിനിമ തിയേറ്ററുകളിൽ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ‘കൂലി’യുടെ ബോക്സോഫീസ് പരാജയത്തെ തുടർന്നാണ് ഈ സ്വപ്ന പദ്ധതി അദ്ദേഹത്തിൽ നിന്ന് എടുത്തുമാറ്റിയതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രജനിയും കമലും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ലോകേഷിന്റെ ഈ നീക്കം ശ്രദ്ധയിൽ വരുന്നത്.


നവംബർ 5-ന് വൈകുന്നേരം, കമൽഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷണലാണ് രജനീകാന്തിന്റെ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമൽഹാസൻ നിർമ്മാതാവായി എത്തുമ്പോൾ, ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആയിരിക്കും. അരുണാചലം (1997) എന്ന ചിത്രത്തിന് ശേഷം സുന്ദർ സിയും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ഒരു പ്രോജക്റ്റ് കൂടിയാണിത്. കമൽഹാസന്റെ പിറന്നാൾദിനത്തിൽ ലോകേഷ് ആശംസകൾ നേർന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.























