കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവുംപിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും(20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണം. പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസ് എന്ന വാദത്തിൽ കഴമ്പില്ല. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി പറഞ്ഞു.


2020ൽ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.























