തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്നു വനിതാ ജീവനക്കാർ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭർത്താവിനെയും പ്രതിചേർത്ത് കുറ്റപത്രം നൽകി. ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവർ ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ.

തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതിചേർക്കുകയായിരുന്നു. വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. പ്രതികൾ രണ്ടു വർഷം കൊണ്ടാണ് ഇത്രയും പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം പ്രതികൾ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. ഇവർ ഈ പണം ഉപയോഗിച്ച് സ്വർണവും വാഹനങ്ങളും വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദിയയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡ് നൽകി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വിൽപ്പനയുടെ പണം ഇവരുടെ ക്യുആർ കോഡിലേക്കു വാങ്ങിയെടുക്കുകയായിരുന്നു.

























