കൊച്ചി: സിനിമാലോകത്തെയും കേരളത്തെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടിയുടെ ആക്രമണ കേസ്.ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നടി അതിക്രൂരമായ ആക്രമണങ്ങളാണ് നേരിട്ടതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്. കാറിൽ വെച്ച് കൂട്ടമായി ശാരീരികമായി ഉപദ്രവിക്കുകയും മറ്റൊരാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിന് ശേഷം നടിയെ കാക്കനാട്ടെ പടമുകളിൽ സ്വന്തം കാറിന് സമീപം ഇറക്കി വിടുകയായിരുന്നു.

തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് നടി രാത്രി ഏഴ് മണിയോടെ സിനിമ നിർമ്മാണ കമ്പനിയുടെ എസ്യുവി കാറിൽ പനമ്പിള്ളി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടയിൽ ഡ്രൈവർ മാർട്ടിൻ ആർക്കൊക്കെയോ മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. 8.30 ഓടെ നെടുമ്പാശേരി എയർപോർട്ട് ജംങ്ഷനിൽ വെച്ച് കാറിനെ പിന്തുടർന്നിരുന്ന കാറ്ററിങ് വാൻ കാറിന് പുറകിൽ ഇടിച്ചു.


കാറ് നിർത്തിയ ഉടനേ തന്നെ രണ്ടുപേർ കാറിലേക്ക് അതിക്രമിച്ചു കടക്കുകയും നടിയുടെ വായ മൂടിപിടിക്കുകയും ചെയ്തു. ബഹളം വെക്കരുത് എന്ന് ഭീഷണിപ്പെടുത്തി. നടിയുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. യാത്രയ്ക്കിടയിൽ ഒരാൾ കളമശ്ശേരിയിൽ ഇറങ്ങി. കറുത്ത ടി ഷർട്ട് ധരിച്ച ഒരാൾ കാറിൽ കയറുകയും അക്രമം തുടരാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.
കാറ് ഒരു ഗ്രിൽ വാതിലുള്ള വീട്ടിൽ എത്തിച്ചു. അവിടെ നിന്നാണ് പൾസർ സുനി വാഹനത്തിൽ കയറുന്നത്. സുനി ഒരു ടവ്വൽ കൊണ്ട് മുഖം മറച്ചിരുന്നു. സുനിയെത്തിയതോടെ ഡ്രൈവർ സീറ്റിലിരുന്നയാൾ മാറി കൊടുത്തു. സുനിയാണ് വണ്ടി തിരികെ കാക്കനാട്ട് എത്തിച്ചത്. താൻ നടിയുടെ ചിത്രങ്ങളും വീഡിയോയും പകർത്താൻ നിയോഗിക്കപ്പെട്ടയാളാണ് എന്ന് സുനി പറഞ്ഞു. അക്രമം കഴിഞ്ഞ ശേഷം നടി നേരെ സംവിധായകൻ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങൾ പറയുകയായിരുന്നു.
കേസിൽ പൾസർ സുനി, മാർട്ടിൻ ആന്റണി,ബി. മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് , ചാർലി തോമസ്, നടൻ ദിലീപ് (പി ഗോപാലകൃഷ്ണൻ), സനിൽകുമാർ (മേസ്തിരി സനിൽ) എന്നിവരാണ് പ്രതികൾ. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ദിലീപ് കേസിൽ പ്രതിയായിരുന്നില്ല. എന്നാൽ കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടതോടെയാണ് നടൻ ദിലീപ് എട്ടാം പ്രതിയാകുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിനാണ് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
പ്രധാന പ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച യഥാർഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പൾസർ സുനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.























