‘ഷാരോൺ കഞ്ചാവ് കേസിലെ പ്രതി, കോളജിന് മുന്നിലിട്ടും മർദ്ദിച്ചു ‘; അർച്ചനയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. മകൾ അർച്ചനയെ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അർച്ചന പഠിച്ചിരുന്ന കോളജിന് മുൻവശത്ത് വച്ച് ഭർത്താവ് ഷാരോൺ മർദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരൻ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അർച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോൺ വിളിക്കാൻ പോലും അർച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസിൽ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാൽ പിന്നീട് ഷാരോൺ ജോലിക്ക് പോലും വിട്ടില്ല.

ബിടെക് എടുത്ത് കാനഡയിൽ സെറ്റിൽ ആകണമെന്നായിരുന്നു ആഗ്രഹം. ഭർത്താവ് അർച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിർത്തിയ പോലെയാണ് ഫോൺ വിളിച്ചാൽ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാൻ ഷാരോൺ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു. ‘ആറു മാസം മുൻപായിരുന്നു വിവാഹം. അർച്ചനയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അർച്ചനയെ വീട്ടിൽനിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോൺ ചെയ്യാൻ മകളെ സമ്മതിക്കില്ലായിരുന്നു. അവൾക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകൾ ഞാൻ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോൺ. ഈ ബന്ധം വേണ്ടെന്നു മുൻപേ പറഞ്ഞതാണ്. മകളെ നിരന്തരം അവൻ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.

ഗർഭിണിയായിരുന്ന അർച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടത്. അർച്ചന ഭർതൃവീട്ടിൽ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഷാരോൺ തമിഴ്‌നാട്ടിൽ കഞ്ചാവു കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.