മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാർഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്. രാവിലെ 9.10നാണ് സംഭവം. നിലമ്പൂർ ചാലിയാർ നദിക്ക് സമീപം വനപ്രദേശത്തോട് ചേർന്ന അരയാട് എസ്‌റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. കാട്ടാനയെ കണ്ട് തൊഴിലാളികൾ ഓടി.

ഓടുന്നതിനിടെ ഷാരുവിനെ പിന്തുടർന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ഷാരുവിന് ജീവൻ നഷ്ടമായത്. ഈ പ്രദേശത്ത് ജനവാസമേഖലകളിൽ കാട്ടാനയുടെ ശല്യം പതിവായുണ്ട്. പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.