യുവതിയുടെ ശബ്ദ പരിശോധന നടത്തും, രാഹുലിനെ തേടി അന്വേഷണസംഘം പാലക്കാട്ട്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാംത്സംഗക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. തിരുവനന്തപുരത്തുള്ള പൊലീസ് സംഘമാണ് പാലക്കാട്ടെത്തിയത്. രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ലാറ്റിൽ തന്നെയുണ്ട്. ഫ്‌ലാറ്റിൽ വീണ്ടും പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാൻ യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക.

ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന റിപ്പോർട്ട് പൊലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.

ബലാംത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളിൽ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നൽകിയത്. ഡോക്ടറുടെ മാർഗനിർദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടർ പറഞ്ഞതായും യുവതി മൊഴി നൽകി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയും തേടി. ഇതിന്റെ മെഡിക്കൽ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.