മികച്ച നടനും സംവിധായകനും ചിത്രത്തിനുമുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു; ദേശീയ അവാർഡിൽ അട്ടിമറി നടന്നു: ബാലചന്ദ്ര മേനോൻ

‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്കു തീരുമാനിച്ച മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവർ ചേർന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകൻ ബാലചന്ദ്ര മേനോൻ. ഇക്കാര്യം അന്നത്തെ ജൂറിയിലുണ്ടായിരുന്ന ദേവേന്ദ്ര ഖണ്ഡേൽവാൾ വെളിപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഏകദേശം 3 പതിറ്റാണ്ടു മുൻപത്തെ സംഭവം സംബന്ധിച്ച് ബാലചന്ദ്ര മേനോന്റെ ആരോപണം. എന്നാൽ, ഇടപെട്ടവരുടെ പേര് അദ്ദേഹം പറഞ്ഞില്ല. സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ.

‘പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ എന്നെ വന്നു പരിചയപ്പെട്ട ഖണ്ഡേൽവാൾ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണു പുരസ്കാരനിർണയം നടത്തിയത്. ഭാര്യ നിർമിച്ച ‘സമാന്തരങ്ങൾ’ക്കു മികച്ച സിനിമയ്ക്കും എനിക്കു മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ നൽകാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്കാരം എനിക്കു മാത്രമായിരുന്നു. എന്നാൽ, തീരുമാനം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ 3 പ്രധാന അവാർഡുകളും ഒരു സിനിമയ്ക്കു നൽകുന്നതിനെ എതിർത്തുകൊണ്ട് ഏതാനുംപേർ അട്ടിമറിച്ചെന്നു ഖണ്ഡേൽവാൾ പറഞ്ഞു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നതു ഞെട്ടിച്ചെന്നും ഖണ്ഡേൽവാൾ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്കു മുന്നിൽ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല’– ബാലചന്ദ്ര മേനോൻ പറഞ്ഞു.1997ലാണ് ‘സമാന്തരങ്ങൾ’ ദേശീയ പുരസ്കാരപ്പട്ടികയിൽ ഇടംനേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരമാണു ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണു സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.