രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയ ദിവസത്തെ വീഡിയോ കാണാനില്ല; ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയ ദിവസത്തെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെ കണ്ടെത്താൻ പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നതിനിടെ രാഹുൽ തിരുവനന്തപുരത്ത് ഉണ്ടെന്ന തരത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്. യുവതിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

അതിൽ തന്നെ രാഹുൽ ഒളിവിൽപ്പോയ ദിവസത്തെ ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെട്ടു. പാലക്കാട് കണ്ണാടിയിൽ പ്രചരണം നടത്തുമ്പോഴാണ് രാഹുലിനെതിരെ കേസെടുത്തതായി വിവരം വന്നത്. തുടർന്ന് രാഹുൽ ഔദ്യോഗിക വാഹനത്തിൽ ഫ്‌ളാറ്റിലേക്ക് തിരികെ വന്നെന്നും മറ്റൊരു വാഹനത്തിൽ മുങ്ങിയെന്നുമായിരുന്നു പുറത്തുവന്ന വിവരം. രാഹുൽ വാഹനമെടുത്ത് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വിദഗ്ധമായി നീക്കം ചെയ്തിരിക്കുന്നത്. ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനായി ഊൗർജിതമായ തിരച്ചിലാണ് അന്വേഷണ സംഘം നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്.