തിരുവനന്തപുരം: എഫ്ഐആര്‍ കോപ്പി നല്കി രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണെന്ന് ഭാര്യ ദീപ. സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലേക്കെത്തിയാല്‍ മതിയെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് മാധ്യമങ്ങളോട് ദീപ പ്രതികരിച്ചത്. തന്റെ ഫോണ്‍ പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അത് സമ്മതിച്ചില്ലെന്നും ദീപ വ്യക്തമാക്കി. കേസ് നില്‍ക്കുന്നതല്ലെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ലെന്നും അവര്‍ വ്യക്തമാക്കി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് രാഹുലിനെതിരായ കേസ്.

എന്നാല്‍ രാഹുല്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അത് സാമൂഹികമാധ്യമങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ദീപ പറഞ്ഞു. ആദ്യം തൈക്കാട് സൈബര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്റ്റേഷന് അടുത്തെത്താറായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ എആര്‍ ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദീപ പറഞ്ഞു.

























