രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് തടഞ്ഞില്ല, പുറത്താക്കി കോൺഗ്രസ്‌

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകളും പ്രോസിക്യഷന്‍ കോടതിയില്‍ ഹാജരാക്കി.

കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.

അതിനിടെ രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്‌.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.