കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്, സമീപം ചത്ത നായ; ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

കൊച്ചി: പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയതോടെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയം. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. നോർത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ് സംഭവം. ഇതിനു സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.

ട്രാക്കിൻറെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിനു അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിൻറെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ട്രാക്കിൻറെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. ട്രാക്കിൻറെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.